മിഷിഗൺ: മിഷിഗണിലെ മലയാളി സമൂഹത്തിൽ സാംസ്കാരികവും ആത്മീയവുമായ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ജയമുരളി നായരെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ഗ്രേറ്റ് ലേക്സ് റീജണൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.
മിഷിഗൺ, ഈസ്റ്റ് കാനഡ എന്നിവ ഉൾപ്പെടുന്ന മേഖലകളുടെ സംഘടനാപരമായ ഏകോപന ചുമതലയാണ് അദ്ദേഹം വഹിക്കുക. മിഷിഗൺ ഘടകത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്.
കേരള സർക്കാരിന്റെ മലയാളം മിഷൻ മിഷിഗൺ ചാപ്റ്ററിന്റെ കോഓർഡിനേറ്ററായും അധ്യാപകനായും സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, കഴിഞ്ഞ അഞ്ച് വർഷമായി ഇരുന്നൂറ്റമ്പതോളം കുട്ടികൾക്ക് മലയാള ഭാഷ അഭ്യസിപ്പിച്ചു വരുന്നു.
മിഷിഗണിലെ മലയാളി സമൂഹത്തിനിടയിൽ വർഷങ്ങളായി സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ് ജയമുരളി നായർ. അദ്ദേഹത്തിന്റെ പ്രവർത്തന പരിചയവും കലയോടുള്ള അഭിനിവേശവും കെഎച്ച്എൻഎ ഗ്രേറ്റ് ലേക്സ് റീജണ്‍ വലിയ കരുത്താകും.
സംഘടനയുടെ ദർശനവും ലക്ഷ്യങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഭാര്യ മായ. മക്കൾ: അനഘ, അനന്തു. ജയമുരളിയുടെ പുതിയ പദവിയിലേക്ക് കെഎച്ച്എൻഎ ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ എന്നിവർ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും ആശംസകൾ നേർന്നു.